Wednesday, May 26, 2010

തലക്കെട്ട്

രാത്രി അസ്തമിക്കാന്‍ നേരത്ത്
ബാറിലെ അരണ്ട വെളിച്ചത്തിലാണ്
പതിവില്ലതെ ഭാവന ഉണര്‍ന്നത്.
അവസാന കുപ്പിയുടെ കോര്‍ക്കു തുറന്നപ്പോഴെ-
ഉറപ്പിച്ചു - സൃഷ്ടി ഇന്നു തന്നെ.

സന്ധ്യക്ക് മദ്യപ സദസ്സിലെ -
രാഷ്ട്രീയം കേട്ടപ്പോള്‍
തുടങ്ങിയതാണീ അസ്വസ്തത.
പണ്ടേ ചുവപ്പു കണ്ട കാളയെപ്പോലെയാ.

ഉണര്‍ന്ന ഭാവനയും
തളര്‍ന്ന ശരീരവുമായി
പടി കടന്നപ്പൊഴേ
ഉച്ചസ്ഥായിലായ ഭാര്യയുടെ
ശബ്ദ സംപ്രേക്ഷണത്തിനു
ശ്രോതാവാകാന്‍ നിന്നില്ല.

ആരാധകവൃന്തവും കൈയടിയും
പുരസ്കാര ശില്പവും മനസ്സിലോര്‍ത്ത്
വിറക്കുന്ന കൈയാല്‍
എഴുതിനിര്‍ത്തു മ്പോള്‍
നേരം നന്നേ വെളുത്തിരുന്നു

പത്രവാര്‍ത്തയിലെ രാഷ്ട്രീയ-
കൂദാശയുടെ ക്ലീഷേ എന്ന്-
ആദ്യവായനയില്‍ തന്നെ -
നാലാം തരക്കാരി മകള്‍
മൂന്നു ദിവസത്തെ പത്രം
തെളിവു നിരത്തി ഭാര്യ-
സംവരണമില്ലതെ തന്നെ
എതിര്‍ കക്ഷി ചേര്‍ന്നു.

ഇനിയാരു വായിക്കാന്‍ ?
കാശിനു മാത്ര ആശയം വരുന്ന
കാവ്യ നായകന്റെ മാര്‍ക്കറ്റിംഗ് തന്ത്രം-
മനസിലൊര്‍ത്തു തലക്കെട്ടെഴുതി.
“കാള്‍ മാര്‍ക്സും കന്യകാത്വ പരിശോധനയും”

Monday, May 10, 2010

ഉത്തരം

ഉറങ്ങാന്‍ കഴിയാതെയീ
നീലരാവിന്റെ
ഊഷ്മളതയിലുമെന്നെ
അസ്വസ്തനാക്കുന്നതെന്താണ്?

ചത്ത സ്വപ്നങ്ങളുടെ
പിന്നമ്പൂറങ്ങളിലെവിടെയോ
വരണ്ട ഭൂമിക്കു വറ്ഷമായി
ചോര ചൊരിയുന്ന
ചുവന്ന മേഘങ്ങളോ ?

വാഴ്ത്തപ്പെട്ടവരുടെ
വാചകമേളകളില്‍
അന്ത്യകൂദാശനല്‍കി
കാവിപുതപ്പിച്ചു ഖബറടക്കിയ
രേതസുമണക്കുന്ന
ദിവ്യ കബന്ധങ്ങളൊ?

ആഗോള വലകളില്‍
ഉപഗ്രഹ വേധങ്ങളാല്‍
ഷണ്ഡീകരിക്കപ്പെട്ട
ക്ഷുഭിത യൌവനത്തിന്റെ
കണികാ രഹസ്യങ്ങളോ ?

പ്രണയത്തിന്റെ
പുതിയ നിയമത്തിലെ
മേനിയഴകിന്റെ
വാണിഭശാസ്ത്രങ്ങളില്‍
അമ്മത്തൊട്ടിലിലെ
കുഞ്ഞു വിലാപങ്ങളൊ ?

ആണവം കൊണ്ടും
അടക്കുവാനാകാതോരോ
അണുവിലും നിറയും
വിശപ്പിന് തുടിപ്പുമായ്
പശിതിന്നും ബാല്യങ്ങള്‍
നിറയുന്ന ചേരിയോ ?

അതോ ഇന്നലെയും
സ്വപ്നത്തില്‍ കണ്ട
പിഴച്ച കാഴ്ചയിലെ
വായ് മൂടിയ എന്റെ മുഖമോ?

Thursday, May 6, 2010

പെണ്ണുകാണല്‍

മുന്നൂറെണ്ണം മുമ്പേ കഴിഞ്ഞെങ്കിലും,
മൂന്നാന്‍ പറഞ്ഞു കേട്ടപ്പൊഴേ
മനസ്സിലുറപ്പിച്ചിരുന്നു;
ഇതു കിനാവിന്റെ സാക്ഷാത്കാരമെന്ന്.
ഇപ്പൊഴീ ജനല്‍ ശീലക്കപ്പുറം
അറ്ദ്ധതാര്യതയിലും !

മധുരം വിളമ്പി പിന്തിരിയുമ്പോളും
മുഖത്തു വീഴാത്ത നോട്ടത്തില്‍
ഒരു ശുദ്ധന്റെ ജാള്യതയെന്ന് ഉറപ്പിച്ചു.

അഛന്റെ ചെവിയില്‍
മൂന്നാന്റെ രഹസ്യത്തിന്റെ
അറ്ത്ഥഭേദങ്ങള്‍ അറിഞ്ഞിരുന്നില്ല.
അമ്മയുടെ കടുത്ത മൌനം
സമ്മതമെന്നാണ് കരുതിയത്

തൊടിയിലെ സറ്വേ കല്ലുകള്ക്കിടയില്‍
ചങ്ങല കിലുങ്ങി,മുദ്രപ്പത്രത്തിലഛന്റെ
കൈവിറച്ചപ്പൊഴാണ് മൂന്നാന്റെ വാക്കിന്റെ
പൊരുളറിഞ്ഞത്– “കച്ചവടക്കാരനാണ്“!